കണ്ണൂർ: ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ പിഎസ്സി ഉദ്യോഗാർഥികളെ വഞ്ചിക്കുകയാണെന്നാരോപിച്ച് യുവമോർച്ച് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രകടനമായെത്തിയ പ്രവർത്തരെ പോലീസ് ബാരിക്കേഡ് നിരത്തി തടഞ്ഞു.പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പിഎസ്സി ചെയര്മാന് രാജിവെയ്ക്കുക, പി.എസ്സി നിയമനങ്ങള്‍ സുതാര്യമാക്കുക, എല്‍പിഎസ്ടി തസ്തികയില്‍ നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. മാർച്ച് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. യുവമോർച്ച സംസ്ഥാന സെക്രട്ടറി അരുൺ കൈതപ്രം അധ്യക്ഷത വഹിച്ചു.
കണ്ണൂർ നോർത്ത് ജില്ല പ്രസിഡന്റ് അർജുൻ മാവിലാക്കണ്ടി, സൗത്ത് ജില്ല പ്രസിഡന്റ് അർജുൻ വാസുദേവ്, ബിജെപി കണ്ണൂർനോർത്ത് ജില്ല പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു. സമരത്തിന് ശേഷം പ്രവർത്തകർ കാൽടെക്സിൽ റോഡ് ഉപരോധിച്ചു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.